Newsperseconds.com

സ്ത്രീധനം നല്‍കിയ 120 പവന്‍ തിരികെ ചോദിച്ചതിന് ഭര്‍തൃ വീട്ടുകാരുടെ ക്രൂര മര്‍ദ്ദനം; യുവതി ആത്മഹത്യ ചെയ്തു

Capture

കോഴിക്കോട്: ഭര്‍തൃവീട്ടിലെ നിരന്തരപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്നയാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഷബ്‌ന ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷബ്‌നയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഷബ്‌നയുടെ ബന്ധു പുറത്തുവിട്ടിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്നയുടെ വിവാഹം. പിന്നീട് നിരന്തരം പ്രശ്നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചു വരാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷബ്‌ന വീട്ടിലേക്ക് തിരുച്ചുവരാന്‍ തയ്യാറായില്ല. മകള്‍ക്ക് വേണ്ടി പിടിച്ചു നില്‍ക്കണം എന്നായിരുന്നു ഷബ്‌ന പറഞ്ഞത്. പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലെ മര്‍ദ്ദനങ്ങള്‍ കൂടിയതോടെ ഷബ്‌ന മറ്റൊരു വീടെടുത്ത് താമസിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തന്റെ വീട്ടുകാര്‍ കല്യാണ സമയത്ത് നല്‍കിയ 120 പവന്‍ ഷബ്‌ന തിരികെ ചോദിച്ചു. എന്നാല്‍ സ്വര്‍ണം തിരിച്ച് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും ഷബ്ന മരിച്ച ദിവസം ഭര്‍ത്താവിന്റ ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് ആരോപണം. ഷബ്‌നയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷബ്‌നയ്ക്ക് പത്തു വയസ്സുള്ള ഒരു മകളുണ്ട്. റൂമില്‍ കയറി വാതിലടച്ചതിന് ശേഷം റൂമില്‍ നിന്നും പല ശബ്ദങ്ങളും കേട്ടിരുന്നുവെന്ന് മകള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍തൃവീട്ടുകാര്‍ തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് ഷബ്‌നയുടെ വീട്ടുകാര്‍ പറയുന്നത്. പോലീസ് കുട്ടിയുടെ മൊഴി എടുക്കാന്‍ ആരംഭിച്ചു.

Share this Article

Leave a Comment