ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. റെഡ്ഡിയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി. ഭാരത് രാഷ്ട്ര സമിതിക്കൊപ്പമായിരുന്നു ഇവരെല്ലാം. നല്‍ഗൊണ്ടയിലെ നാഗാര്‍ജുന സാഗറിലെ ബിആര്‍എസ് നേതാവായിരുന്നു ചന്ദ്രശേഖര്‍ റെഡ്ഡി.
വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് കാഞ്ചര്‍ല ചര്‍ച്ച നടത്തി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍കാജിഗിരി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാനാണ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നത് സ്വന്തം കൂടിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.