ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ വിവരങ്ങള്‍ തേടി ആപ്പിള്‍ കമ്പിനിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാള്‍ തന്റെ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്വേഡ് പങ്കിട്ടിട്ടില്ലെന്നും ഇഡി അറിയിച്ചു. ഫോണിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ അരവിന്ദ് കെജ്രിവാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഫോണ്‍ വിവരങ്ങള്‍ തേടി ഇഡി ആപ്പിള്‍ കമ്പിനിയെ സമീപിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ഇ ഡി ആവര്‍ത്തിച്ചു. എന്നാല്‍ ബിജെപിയ്ക്കായി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയോ ഡെസ്‌ക്ടോപ്പുകളുടെയോ രൂപത്തില്‍ ഇഡി ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുത്തിട്ടില്ലെങ്കിലും നാല് മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. മാര്‍ച്ച് 21 ന് അറസ്റ്റ് ചെയ്യപ്പെട്ട രാത്രിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് 70,000 രൂപയും കണ്ടെത്തിയിരുന്നു.
അതേ സമയം, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയുടെ മഹാറാലി നടക്കും. ഡല്‍ഹി രാംലീല മൈതാനിയില്‍ നടത്തുന്ന റാലിയില്‍ ഇന്ത്യയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. 20,000 പേരെ റാലിയില്‍ പങ്കെടുക്കാന്‍ ഭരണകൂടം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് 30,000 കവിയുമെന്നാണ് ഡല്‍ഹി പോലീസ് പ്രതീക്ഷിക്കുന്നത്.