ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ത്യയുടെ സ്വതന്ത്ര ചരിത്രത്തില്‍ ജയിലില്‍ കിടന്ന് ഭരിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയായി. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശിക്ഷിച്ചത്.
എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 ദിവസത്തെ തടങ്കലില്‍ വെച്ചിരുന്നു. കെജ്രിവാള് ജയിലില്‍ കിടന്നിട്ടും സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയും ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുകയാണ്. തിഹാര്‍ ജയിലിലാണ് ഡല്‍ഹി മുഖ്യമന്ത്രിയെ പാര്‍പ്പിക്കുക.
രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ലെന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം. കനത്ത സുരക്ഷയിലാണ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കെജരിവാളിനെ കോടതിയില്‍ ഹാജരാക്കുന്നത് പരിഗണിച്ച് ഭാര്യ സുനിത കെജരിവാള്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ എത്തിയിരുന്നു. മാര്‍ച്ച് 28 ന് കെജരിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു.