പ്രശസ്ത നടന്‍ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് ഹൈദരാബാദ് അധികൃതര്‍. 10 ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍, നഗരത്തിലെ മദാപൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തമ്മിടികുണ്ട തടാകത്തിന്റെ ഫുള്‍ ടാങ്ക് ലെവലിലും (എഫ്ടിഎല്‍) ബഫര്‍ സോണുകളിലും അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തില്‍ ദീര്‍ഘകാല പരിശോധന നേരിടുകയാണ്. നോര്‍ത്ത് ടാങ്ക് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത് തമ്മിടികുണ്ട തടാകത്തിന്റെ എഫ്ടിഎല്‍ ഏകദേശം 29.24 ഏക്കറിലാണ്. കണ്‍വെന്‍ഷന്‍ സെന്റര്‍ എഫ്ടിഎല്‍ ഏരിയയുടെ ഏകദേശം 1.12 ഏക്കറും നിയുക്ത ബഫര്‍ സോണിനുള്ളില്‍ അധികമായി 2 ഏക്കറും കൈയേറിയെന്നാണ് ആരോപണം.
തമ്മിടികുണ്ട തടാകത്തിന്റെ എഫ്ടിഎല്‍, ബഫര്‍ സോണുകളുടെ ഭാഗങ്ങള്‍ എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്ന അവകാശവാദമാണ് പൊളിക്കലിനുള്ള പ്രാഥമിക കാരണം. പാരിസ്ഥിതിക നിയമങ്ങളുള്‍പ്പെടെയുള്ളവയെ വക വെക്കാതെയാണ് താരം കെട്ടിടം നിര്‍മിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നേരത്തെ കിട്ടിയിരുന്നുവെങ്കിലും ഇപ്പോഴാണ് നടപടി കൈക്കൊള്ളുന്നത്. ആഡംബര വിവാഹങ്ങളും കോര്‍പ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം നടന്നിരുന്ന ഇടമായിരുന്നു പൊളിച്ചുമാറ്റിയ ഈ കണ്‍വെന്‍ഷന്‍ സെന്റര്‍. പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ നീക്കം. പത്തേക്കര്‍ വിസ്തൃതിയുണ്ടായിരുന്നു നാഗാര്‍ജുനയുടെ ദ എന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്. ശനിയാഴ്ച പുലര്‍ച്ചെയാണ് കെട്ടിടം പൊളിച്ച് നീക്കിയത്.
അതേസമയം, കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുമാറ്റിയ നടപടി അത്യധികം വേദനിപ്പിക്കുന്നതാണെന്ന് നാഗാര്‍ജുന പ്രതികരിച്ചു. പൊളിച്ചുമാറ്റുന്നതിന് സ്റ്റേ ഉത്തരവുണ്ടായിട്ടും അതിന് പുല്ലുവിലയാണ് കൊടുത്തതെന്നും, നടപടിക്ക് മുന്‍പായി ഒരു നോട്ടീസ് പോലും നല്‍കിയില്ല… അധികൃതര്‍ നടത്തിയ ഈ നിയമവിരുദ്ധ നീക്കത്തിനെതിരെ കോടതിയില്‍ നിന്ന് പരിഹാരം തേടുമെന്നും നടന്‍ അറിയിച്ചു.