ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ നാലുദിവസത്തെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കെജ്രിവാള്‍ ഡല്‍ഹിയിലെ കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് പത്രികകള്‍ കൈമാറുകയായിരുന്നു. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് അതിഷി നന്ദി അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമേ ഇത് പറ്റുവെന്നും ഇത് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വൈകാരിക നിമിഷമാണെന്നും അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അരവിന്ദ് കെജ്രിവാള്‍ എന്നില്‍ ഇത്ര വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. രാജ്യത്ത് ആരും ചെയ്യാത്തതാണ് കെജ്രിവാള്‍ ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപി കെജ്രിവാളിനെ ബുദ്ധിമുട്ടിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് 6 മാസം ജയിലില്‍ ഇട്ടു. സിബിഐ കൂട്ടിലടച്ച തത്ത എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു’; അതിഷി പറഞ്ഞു.