വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ നാലാമത്തെ പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി. 38 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പട്ടികയിലുള്ളത്. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മത്സരിക്കും.
കസ്തൂര്‍ബാ നഗറില്‍ നിന്നുള്ള രമേഷ് പഹല്‍വാന്‍, ഉത്തം നഗറില്‍ നിന്നുള്ള പൂജ ബാലിയന്‍ എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. നിലവിലെ എംഎല്‍എയായ ഭര്‍ത്താവ് നരേഷ് ബാലിയന്റെ സ്ഥാനത്താണ് പൂജ മത്സരിക്കുന്നത്. നേരത്തെ, 32 പേരുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ മൂന്ന് പട്ടികകള്‍ പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി അതിഷി ഒരിക്കല്‍ക്കൂടി കല്‍ക്കാജിയില്‍ നിന്ന് ജനവിധി തേടും. സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലാണ് മത്സരിക്കുക.
പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും സമഗ്രമായ തയ്യാറെടുപ്പോടെയുമാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ബിജെപിയെ എവിടെയും കാണാനില്ല. അവര്‍ക്ക് മുഖ്യമന്ത്രി മുഖമില്ല, ടീമില്ല, ആസൂത്രണമില്ല, ഡല്‍ഹിയെക്കുറിച്ചുള്ള കാഴ്ചപ്പാടുമില്ല. അവര്‍ക്ക് കെജരിവാളിനെ പുറത്താക്കുക എന്ന ഒരു മുദ്രാവാക്യവും, ഒരു നയവും, മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.