കറാച്ചി: പാകിസ്ഥാന്‍ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറില്‍ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് അകന്ന് ഏറെക്കുറെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
41 ടെസ്റ്റ് മത്സരങ്ങളില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച സയീദ് അഞ്ച് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും അടക്കം 2,991 റണ്‍സ് നേടിയിട്ടുണ്ട്. വലംകൈ ഓഫ് സ്പിന്‍ ബൗളിംഗിലൂടെ 22 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 1958-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം 1972-73 പര്യടനത്തില്‍ മെല്‍ബണില്‍ പാക്കിസ്ഥാനുവേണ്ടി അവസാന ടെസ്റ്റ് കളിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് 20 ആം വയസില്‍ അഹമ്മദ് ക്രിക്കറ്റിലെത്തുന്നത്.
വലിയ വിവാദങ്ങളാണ് സയീദ് അഹമ്മദിന്റെ പേരില്‍ ഉണ്ടായിരുന്നത്. അതിനു ശേഷമാണ് അദ്ദേഹം വിരമിച്ചത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസ് പേസര്‍ ഡെന്നിസ് ലില്ലിക്കെതിരെ അഹമ്മദ് വഴക്കിട്ടിരുന്നു. പിന്നീട് ഡെന്നിസ് ലില്ലിക്കെതിരെ കളിക്കാതിരിക്കാന്‍ അഹമ്മദ് വ്യാജ പരുക്ക് കഥ പടച്ചുവിട്ടു. ഇത് പിന്നീട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തി. അച്ചടക്ക നടപടിക്ക് വിധേയനായ അദ്ദേഹം പിന്നീട് ഒരിക്കലും പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.