സ്ത്രീകളുടെ ആരോഗ്യത്തില്‍ യോനി ക്ഷേമം നിലനിര്‍ത്തുക എന്നത് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ സാധാരണയായി യോനി രോഗങ്ങളെക്കുറിച്ച് പങ്കുവെക്കാന്‍ മടിക്കുന്നവരാണ് സ്ത്രീകളില്‍ അധികവും. യോനിയിലെ പ്രശ്നങ്ങളുടെ തരങ്ങള്‍, അനുയോജ്യമായ ചികിത്സകള്‍, യോനി ക്ഷേമത്തിനുള്ള പ്രതിരോധ നുറുങ്ങുകള്‍ ഇവയെല്ലാം അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്.
കാരണം യോനിയിലെ പ്രശ്‌നങ്ങള്‍ പ്രത്യുല്‍പാദനക്ഷമതയെ വലിയ രീതിയില്‍ ബാധിക്കും. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ സെന്‍സിറ്റീവ് ഘടകമാണ് യോനി. എന്നാല്‍ സ്ത്രീകളില്‍ ഭൂരിഭാഗം ആളുകളും സംരക്ഷണത്തിന് പ്രാധാന്യം നല്‍കാത്തതും യോനിഭാഗം തന്നെയാണ്. താരതമ്യേന മൃദുലമായ ചര്‍മ്മമാണെന്നതും ആര്‍ത്തവമടക്കമുള്ള കാര്യങ്ങള്‍ മൂലം അണുബാധയ്ക്ക് സാധ്യതകള്‍ കൂടുതലായതിനാലും പ്രത്യേകമായ ശ്രദ്ധ നല്‍കേണ്ടിവരുന്നു.

എന്നാല്‍ പലപ്പോഴും സ്വന്തം ശരീരത്തില്‍ വരുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ സ്ത്രീകള്‍ അറിയാതെ പോകാറുണ്ട്. ഇത്തരം പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതിനാല്‍ ഭാവിയില്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അത്തരത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
ആര്‍ത്തവവിരാമത്തോട് അനുബന്ധമായി പലര്‍ക്കും യോനി വരണ്ടു വരാറുണ്ട്. എന്നാല്‍ അസാധാരണമാം വിധം വരണ്ടിരിക്കുന്നുവെങ്കില്‍ അത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മ്മം വരണ്ടിരിക്കുകയും അടര്‍ന്നുപോരികയും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ ഉപദേശം തേടണം. ശുചിത്വമില്ലായ്മയും ഇതിന് വലിയൊരു കാരണമാണ്. അടിവസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നതും ആര്‍ത്തവ സമയത്തെ ശുചിത്വവുമെല്ലാം അണുബാധക്ക് കാരണമാണ്.

വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം എന്നത് സ്ത്രീകളുടെ യോനിയിലൂടെ പുറന്തള്ളപ്പെടുന്ന കട്ടിയുള്ളതു വെളുത്തതോ മഞ്ഞയോ നിറത്തിലുമുള്ള സ്രവങ്ങള്‍ ആണ്. വെള്ളപ്പോക്ക് ഒരു അസുഖാവസ്ഥയല്ല. എന്നാല്‍ അമിതമായും ദുര്‍ഗന്ധത്തോടു കൂടെയും കാണപ്പെടുന്നത് യോനിയുടേയോ യോനീമുഖത്തിന്റേയോ അണുബാധമൂലമാണ്. ഇത് അധികമാകുന്നത് പല അസുഖങ്ങളുടെയും ലക്ഷണമാകാം.
യോനിയില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയും എരിച്ചിലുമാണ് യോനി അണുബാധ അഥവാ രോഗാണുബാധ. വളരെ സാധാരണമായി കാണപ്പെടുന്ന ഈ രോഗം ശരിയായ ചികിത്സ ലഭ്യമായില്ലെങ്കില്‍ ഗുരുതരമാകാറുണ്ട്. യോനിയില്‍ നിന്നും അസാധാരണമായ രൂക്ഷമായ ഗന്ധത്തോട് കൂടിയ സ്രവം പുറത്തുവരിക, മൂത്രമൊഴിക്കുമ്പോള്‍ വേദനയോ പുകച്ചിലോ അനുഭവപ്പെടുക, യോനിയ്ക്ക് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക, ചെറിയ കുരുക്കള്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയോ പ്രയാസമോ ഉണ്ടാവുക, യോനിയില്‍ നിന്ന് അസാധാരണമായ രക്തസ്രാവം തുടങ്ങിയവയാണിത്.

യോനി വൃത്തിയാക്കുമ്പോള്‍ എപ്പോഴും ശുദ്ധജലം മാത്രം ഉപയോഗിക്കുക. സോപ്പ്, ലായനി, സ്‌പ്രേ തുടങ്ങിയവ യോനിയില്‍ ഉപയോഗിക്കുന്നത് അണുബാധ ഉണ്ടാകാന്‍ ഒരു വലിയ കാരണമാണ്. അതിനാല്‍ ഇവ യോനി ഭാഗത്ത് ഉപയോഗിക്കാതിരിക്കുക.