Newsperseconds.com

മഞ്ഞപ്പിത്തം പടരുന്നത് എങ്ങനെ? എന്തെല്ലാമാണ് രോഗലക്ഷണങ്ങള്‍; രോഗവ്യാപനം തടയുവാന്‍ ചെയ്യേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍…

Capture

സംസ്ഥാനത്താകെ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മഞ്ഞപ്പിത്തം ബാധിച്ച് മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും രോഗികള്‍ തിങ്ങി നിറയുകയാണ്. ഉഷ്ണകാലാവസ്ഥയില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം. എന്നാല്‍ മഴക്കാലമായിട്ടും മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. ഇത് കരളിനെ ബാധിക്കുന്ന അസുഖമാണ്. മഞ്ഞപ്പിത്തത്തിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍ നിരവധിയാണ്. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം,മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു.

23

പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവരിലാണ് കൂടുതലായും മഞ്ഞപ്പിത്തം പടരുന്നത്. മലിനമായ ജലം ഉപയോഗിച്ച് ഉണ്ടാക്കുന്ന ജ്യൂസ്, ഐസ് ഇതിലൂടെയെല്ലാം രോഗബാധ വരാന്‍ സാധ്യതയുണ്ട്. രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് ബി. രോഗബാധയുള്ളവരുമായുള്ള ലൈംഗിക ബന്ധം, ഒരേ സൂചിയുപയോഗിച്ച് നിരവധി ആളുകള്‍ക്ക് കുത്തി വയ്ക്കുക,രോഗബാധയുള്ളവരുടെ രക്തം ദാനം സ്വീകരിക്കുക, പ്രസവസമയത്ത് രോഗബാധയുള്ള അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് സാധാരണ രോഗബാധ വരുത്തുന്ന മാര്‍ഗ്ഗങ്ങള്‍. അസുഖം വന്നു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ്പിലൂടെ രോഗബാധ ഒരു പരിധി വരെ തടയാനാവും. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് കൂടാതെ ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യുണോ ഗ്ലോബുലിന്‍ കുത്തിവയ്പ്പ് കൂടി എടുക്കേണ്ടതാണ്.

Sfsf

മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങള്‍ പലതാണ്. കഠിനമായ പനി, തലവേദന, വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞ നിറം തുടങ്ങിയവയണ്. ഗുരുതരാവസ്ഥയില്‍ നഖങ്ങള്‍ക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിര്‍ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രക്തത്തില്‍ ബിലിറുബിന്‍ 4 മില്ലീഗ്രാം മുതല്‍ 8 മില്ലീഗ്രാമോ അതില്‍ ക്കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുകയും ചെയ്യും.
ഇങ്ങനെ രക്തത്തില്‍ ബില്‍റുബിന്റെ അളവ് കൂടുമ്പോള്‍ അത് മൂത്രത്തിലൂടെ പുറത്തുപോകാന്‍ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലര്‍ന്ന നിറത്തിലോ കാണപ്പെടുന്നു. ചിലര്‍ക്ക് ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകള്‍, ആഹാരത്തിന് രുചിയില്ലായ്മ, ഛര്‍ദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.

Capture

രോഗവ്യാപനം തടയുവാന്‍ ഒരു പരിധി വരെ നമുക്ക് സാധിക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക, കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം തുടങ്ങിയവ പാലിക്കുക. ഇതോടൊപ്പം തന്നെ രോഗത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കുക. രോഗം മൂര്‍ച്ഛിച്ചാല്‍ കരളിനു ബാധിക്കുകയും മരണം വരേ സംഭവിച്ചേക്കാവുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.

Share this Article

Leave a Comment