അച്ചാര്‍ ഇല്ലാത്തൊരു സദ്യയെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. ഏതു സദ്യയ്ക്കും രൂചി കൂട്ടുന്ന പ്രധാന ഘടകമാണ് അച്ചാറുകള്‍. അത് മാങ്ങാ അച്ചാറാണെങ്കില്‍ പിന്നെ പറയാനില്ല. മലയാളിക്ക് ഏതൊരു ഇഷ്ടവിഭവത്തിന്റെ കൂടെയും തൊട്ടുകൂട്ടുന്ന ഒന്നാണ് മാങ്ങ അച്ചാര്‍. നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയുമിട്ട് മാങ്ങ ചേര്‍ത്തിളക്കിയ അച്ചാര്‍ കഥകള്‍ പറയുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. ഓണ വിഭങ്ങളിലേക്ക് ഒരിറ്റ് അച്ചാര്‍ മതി സദ്യ കെങ്കേമമാവാന്. അച്ചാറുകളിലെ സര്‍വസാധാരണക്കാരനായ മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
മാങ്ങ കഷണങ്ങളാക്കിയത് – 1 കപ്പ്
വറ്റല്‍ മുളക് – 2
കായപ്പൊടി – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1
മുളക്പൊടി – 3 ടേബിള്‍സ്പൂണ്‍
ഉലുവ (വറുത്തു പൊടിച്ചത്) – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
നല്ലെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ നല്ലെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച ശേഷം തീയണക്കുക. ഇതിലേക്ക് മുളകുപൊടി, കായം, ഉലുവപ്പൊടി എന്നിവ ചേര്‍ത്തിളക്കിയ ശേഷം തീ കത്തിക്കാം. ഒരല്പം വെളളമൊഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക. വീണ്ടും തീയണച്ച് കഷണങ്ങളാക്കിയ മാങ്ങയും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ത്താല്‍ മാങ്ങ അച്ചാര്‍ തയ്യാറായി.