ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ വിപണിയില്‍ ഐഫോണ്‍ 16 സീരിസ് എത്തി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണ് ഈ സിരീസില്‍ എത്തിയത്. സെപ്റ്റംബര്‍ 20 മുതലാണ് ആപ്പിള്‍ ഔദ്യോഗികമായി വില്‍പ്പന ആരംഭിച്ചത്. ഡല്‍ഹിയിലെയും മുംബൈയിലെയും ആപ്പിള്‍ സ്റ്റോറുകളില്‍ വലിയ ജനക്കൂട്ടമാണുള്ളത്. ഡല്‍ഹിയിലെ ആപ്പിള്‍ സാകേറ്റ്, മുംബൈയിലെ ആപ്പിള്‍ ബികെസി സ്റ്റോറുകള്‍ക്ക് മുന്നിലാണ് നൂറു കണക്കിന് ഐഫോണ്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടുന്നത്.
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. ജനറേറ്റീവ് എ ഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ് ഇതുവഴി ഫോണുകളില്‍ ലഭ്യമാവുക. ഐഫോണ്‍ 15 സീരിസിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോണ്‍ 16 സിരീസിനൊപ്പം പുതിയ സ്മാര്ട്ട്വാച്ചുകളും മറ്റ് ആക്സസറീസും ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. ആപ്പിള്‍ വാച്ച് സിരീസ് 10, വാച്ച് എസ്ഇ 3, വാച്ച് അള്‍ട്രാ 3, എയര്‍പോഡ്സ് 4 എന്നിവയും പുതിയ ഐഫോണുകള്‍ക്കൊപ്പം എത്തും.
ഐഫോണ്‍ 16-ന് അതിന്റെ മുന്‍ഗാമിയേക്കാള്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ഒരു പുതിയ ക്യാമറ കണ്ട്രോള് ബട്ടണുണ്ട്. കൂടാതെ ആക്ഷന്‍ ബട്ടണ്‍ പ്രോയില്‍ നിന്ന് താഴേക്ക് നീങ്ങി, എന്നാല്‍ ഉപകരണത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും ഒരു ആവര്‍ത്തന നവീകരണമാണ്. അതേ സമയം, ക്യാമറ ടെക്നോളജിയിലുള്ള അപ്ഡേഷന് ഐഫോണ്‍ ആരാധകരെ സന്തോഷിപ്പിക്കും. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും എ 18 ചിപ്പുമാണ് ഐഫോണ്‍ 16 സിരീസിനെ ശ്രദ്ധേയമാക്കുന്നത്. ഡിസ്പ്ലെയുടെ രൂപകല്പനയിലും മാറ്റമുണ്ട്. പുതിയ കളര്‍ വേരിയന്റ് ഈ പതിപ്പില്‍ ആപ്പിള്‍ അവതരിപ്പിക്കും എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ബ്ലൂ ടൈറ്റാനിയത്തിന് പകരം പുതിയ ഗോള്‍ഡ് ടൈറ്റാനിയം ഫിനിഷ് എത്താനിടയുണ്ട് എന്ന് ബ്ലൂംബെര്‍ഗിന്റെ മാര്‍ക് ഗര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്തു. കറുപ്പ്, വെള്ള, നാച്ചുറല്‍ ടൈറ്റാനിയം കളര്‍ വേരിയന്റുകള്‍ ഐഫോണുകള്‍ക്ക് തുടര്‍ന്നേക്കും.