മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനത്തില്‍ അമ്മയെ കാണാന്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ പ്രവാഹം. വയനാടടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ സംഭവിച്ചുപോയ സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളെ തുടര്‍ന്നുള്ള മഠത്തിന്റെ ആശ്വാസ സേവന യത്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ പതിവായി സംഘടിപ്പിച്ചു വരാറുള്ള മഹാസാംസ്‌ക്കാരിക സമ്മേളനവും അനുബന്ധ ആഘോഷങ്ങളും മാറ്റി നിര്‍ത്തി മാതൃവാല്‍സല്യത്തണലില്‍ മക്കളൊന്നായ് പ്രാര്‍ത്ഥനകളോടെ അമൃതപുരിയില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഗുരുസങ്കല്‍പ്പത്തിലുള്ള പരമ്പരാഗത ചടങ്ങുകളോടൊപ്പം സമൂഹ വിവാഹങ്ങളും മറ്റ് വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക ഔപചാരിക ആരംഭങ്ങളും പുസ്തകപ്രകാശനങ്ങളും അമൃതകീര്‍ത്തി പുരസ്‌കാര സമര്‍പ്പണ ആദരവുകളും മാത്രമായി പരിമിതപ്പെടുത്തിയ ലളിതമായ ചടങ്ങുകള്‍ അമൃതപുരിയില്‍ തുടരുകയാണ്.
വേദിയില്‍ എത്തിയ ഉടനെ വയനാട് ഉരുള്‍പൊട്ടലും ലോകമെമ്പാടുമുള്ള മറ്റ് യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഉള്‍പ്പെടെ സമീപകാല പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അമ്മ എല്ലാവരേയും നയിച്ചു. ലോകാ സമസ്താഃ സുഖിനോ ഭവന്തു എന്ന മന്ത്രോച്ചാരണത്തില്‍ അമ്മ എല്ലാവരെയും നയിച്ചു. ‘യുദ്ധത്തിനും അനന്തമായ സംഘര്‍ഷത്തിനും പകരം, ക്ഷമയും സ്‌നേഹവും വിട്ടുവീഴ്ചയും നമ്മുടെ മനോഭാവങ്ങളെയും പ്രവര്‍ത്തനങ്ങളെയും നയിക്കട്ടെയെന്ന് അമ്മ പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ നാമെല്ലാവരും ജാഗരൂകരായിരിക്കട്ടെ, കാരണം അത് നമ്മുടെ ജീവിതത്തെയും നമ്മുടെ പ്രിയപ്പെട്ടവരെയും നമ്മുടെ സമ്പത്തിനെയും നാം പ്രിയപ്പെട്ടതിനെയും ബാധിക്കുന്ന ദുരന്തങ്ങളിലേക്ക് നയിക്കുന്നു. കഷ്ടപ്പെടുന്നവരെയും വേദനിക്കുന്നവരെയും ആശ്വസിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കൈനീട്ടാം. അങ്ങനെ, എല്ലാവര്‍ക്കും സമാധാനവും സന്തോഷവും ലഭിക്കട്ടെയെന്നും അമ്മ പറഞ്ഞു.
നിസ്വാര്‍ത്ഥ സേവനം കൈമുതലാക്കി, ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ വ്യത്യാസങ്ങളില്ലാതെ, തൃക്കരങ്ങളാല്‍ ആലംബഹീനരുടെ കണ്ണീരൊപ്പിക്കൊണ്ട് സ്വന്തം ഹൃദയത്തോടു ചേര്‍ത്തുള്ള അമ്മയുടെ പ്രയാണം, അദ്വിതീയമായ മാതൃവാല്‍സല്യം കൊണ്ട് ദേശാതിര്‍ത്തികള്‍ പിന്നിട്ട് ഏഴു ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആര്‍ഭാടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ടുള്ളതാണ് ‘അമൃതവര്‍ഷം 71’. ഇക്കുറി ആഘോഷങ്ങള്‍ ലളിതമായ രീതിയില്‍ ആണെങ്കിലും പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അമൃതപുരിയിലെത്തിയത്. ഇന്ന് എത്തിച്ചേരുന്ന എല്ലാ ഭക്തര്‍ക്കും ഭക്ഷണവും വിശ്രമ സൗകര്യങ്ങളും ചികിത്സാ ക്രമീകരണങ്ങളുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്.