ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതിയില്‍നിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
ഹസീന രാജിവയ്ക്കാതെ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ച് ധാക്കയില്‍ ആയിരങ്ങള്‍ കഴിഞ്ഞ ദിവസം തടിച്ചുകൂടിയിരുന്നു. ഇതിനു പിന്നാലെ രാജ്യത്ത് സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ പിന്‍തലമുറക്കാര്‍ക്കുള്ള 30 ശതമാനം സംവരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായതോടെ പ്രക്ഷോഭത്തിന് തീവ്രത കുറഞ്ഞു. എന്നാല്‍, ജയിലിലടച്ചവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തിയത്.