ലാറ്റിനമേരിക്കന്‍ ക്ലബ്ബിലേക്ക് സൈന്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായി ചെന്നൈ എഫ്‌സിയുടെ ഡിഫന്‍ഡര്‍ ബിജയ് ഛേത്രി. ഉറുഗ്വെ ക്ലബ് കോളണ്‍ എഫ്സിയിലേക്ക് താരം ലോണില്‍ കളിക്കാന്‍ പോകും. ഈ വര്‍ഷം അവസാന ലാറ്റിനമേരിക്കന്‍ ക്ലബിലേക്ക് ചേക്കേറും. താരത്തിന്റെ വിദേശ ലീഗിലേക്കുള്ള മാറ്റം ചെന്നൈയിന്‍ എഫ്സി സ്ഥിരീകരിച്ചിട്ടുണ്ട്.
‘എന്റെ പ്രൊഫഷണല്‍ കരിയറിലെ പുതിയ വെല്ലുവിളിക്ക് ഈ അവസരം ലഭിച്ചതില്‍ എനിക്ക് അതിയായ ആവേശം തോന്നുന്നു. എന്റെ ഗെയിം മെച്ചപ്പെടുത്താനും കോളണ്‍ എഫ്സി എന്നില്‍ കാണിച്ച വിശ്വാസത്തിന് പ്രതിഫലം നല്‍കാനും ഇന്ത്യന്‍ പതാക ഉയരത്തില്‍ പാറിപ്പറക്കാനും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ബിജയ് ഛേത്രി പറഞ്ഞു.
ഉറുഗ്വെയിലെ മോണ്ടെവീഡിയോയിലാണ് ക്ലബിന്റെ ആസ്ഥാനം. സെഗുണ്ട ഡിവിഷന്‍ പ്രൊഫഷണല്‍ (ഉറുഗ്വെയിലെ രണ്ടാം ഡിവിഷന്‍ പോരാട്ടം) ടൂര്‍ണമെന്റിലാണ് ടീം കളിക്കുന്നത്. നിലവില്‍ ടീം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.