Newsperseconds.com

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് തിരശ്ശീല വീഴുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി

Capture

ജൂണ്‍ 6 ന് കൊല്‍ക്കത്തയില്‍ കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ഐക്കണ്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് തിരശ്ശീല വീഴുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വീഡിയോ പോസ്റ്റ് ചെയ്താണ് ദേശീയ ടീം ക്യാപ്റ്റന്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍വച്ചാണ് മത്സരം. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഓര്‍ക്കുന്നത് കടമയുടെയും സമ്മര്‍ദ്ദത്തിന്റെയും അപാരമായ സന്തോഷത്തിന്റെയും വളരെ നല്ല സംയോജനമാണ്. രാജ്യത്തിന് വേണ്ടി ആദ്യം കളിച്ച ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വികാരപരമായ വാക്കുകളോടെയാണ് വീഡിയോയില്‍ സുനില്‍ ഛേത്രി സംസാരിച്ചു തുടങ്ങുന്നത്.

2005ല്‍ അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും ടോപ് സ്‌കോററും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമായി അദ്ദേഹം രംഗം വിടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും പിന്നില്‍ സജീവ കളിക്കാരില്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ് താരം. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി ഇന്ത്യ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 3 പോയിന്റുമായി കുവൈറ്റ് നാലാമതാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ബംഗലൂരു എഫ്സിയെ കിരീടത്തിലേക്ക് നയിച്ച സുനില്‍ ഛേത്രി ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ഡെംപോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

Share this Article

Leave a Comment