2024 ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ തലച്ചോര്‍ ലോകത്തിന്റെ ശിരസ്സില്‍ ചാര്‍ത്തിയ ഡി ഗുകേഷിന് അഭിനന്ദനങ്ങള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യയുടെ അഭിമാനമായ ഡി ഗുകേഷിന്റെ വിജയം ചരിത്രനേട്ടമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഗുകേഷ് ഡിയുടെ ശ്രദ്ധേയമായ ഈ നേട്ടം
അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണെന്നും ആര്‍.സി രാജീവ്ദാസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വിജയം ചെസ്സ് ചരിത്രത്തിന്റെ വരും കാലങ്ങളില്‍ ദശലക്ഷക്കണക്കിന് യുവമനസ്സുകളെ വലിയ സ്വപ്നങ്ങള്‍ കാണാനും മികവ് പുലര്‍ത്താനും പ്രചോദിപ്പിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യന്‍ എന്ന ചരിത്ര നേട്ടത്തിനാണ് ഡി ഗുകേഷ് അര്‍ഹനായിരിക്കുന്നത്. സിംഗപ്പൂരില്‍ നടന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18 കാരനായ ഗുകേഷ് ഈ നേട്ടം കൈവരിച്ചത്. 14-ാം റൗണ്ടിലാണ് ജയം കൈവരിച്ചത്. 13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ആവേശകരമായ ഫൈനല്‍ റൗണ്ടിലാണ് ഗുകേഷ് നിര്‍ണായക ജയം സ്വന്തമാക്കി ലോക ചെസ് ചാമ്പ്യനായത്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ആവേശത്തിന്റെ കൊടുമുടിയില്‍ ഇന്ത്യക്ക് കിരീടം ചൂടി തന്ന ഡി ഗുകേഷിന്റെ വര്‍ഷങ്ങളായുള്ള സ്വപ്‌നം പൂവണിയുന്നതോടൊപ്പം ഓരോ ഇന്ത്യക്കാരും അഭിമാനംകൊള്ളുകയാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.