ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 മത്സരം ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും.
ആദ്യ കളി ഓസ്ട്രേലിയ നേടിയ 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ അടുത്ത കളി ആദ്യം ബാറ്റ് ചെയ്ത് 236 റൺസെന്ന വിജയലക്ഷ്യം വച്ച് 44 റൺസിനു വിജയിച്ചു. യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിലും രവി ബിഷ്ണോയ്, അക്സർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിൻ്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു.
മറുവശത്ത്, സ്റ്റീവ് സ്മിത്ത് ഓപ്പൺ ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഓസ്ട്രേലിയക്ക് പ്രധാനമായി ഉള്ളത്. ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസിൻ്റെ കരുത്ത്.