Newsperseconds.com

കൊടും ചൂടില്‍ ശരീരം തളര്‍ന്നു പോകുന്നുണ്ടോ..?ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടോ..? പ്രതിവിധികള്‍ എന്തെല്ലാം

Capture

കഴിഞ്ഞ മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ കൊടുംചൂടാണ് രാജ്യത്തെ പിടികൂടിയത്. വേനല്‍ക്കാലമായതോടെ രോഗങ്ങളും കൂടുകയാണ്. വെയിലിന്റെ കാഠിന്യത്താല്‍ തളര്‍ന്നു വീഴുന്നവരും കുറവല്ല. തലകറക്കം, ഛര്‍ദ്ദി, മഞ്ഞപ്പിത്തം, സൂര്യാഘാതമേറ്റവര്‍ എല്ലാം പട്ടികയിലുണ്ട്. ദിനം തോറും താപനില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഇത്തരം സമയങ്ങളില്‍ ചൂടിനെ തോല്‍പ്പിക്കാന്‍ നമ്മുടെ ശരീരത്തെ പരിശീലിപ്പിക്കേണ്ടതുണ്ട്. നമ്മുടെ ചര്‍മ്മം പ്രത്യേകിച്ച് കടുത്ത ചൂടിനോട് വളരെ സെന്‍സിറ്റീവ് ആണ്.

അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാക്കും. കൂടാതെ ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഉയര്‍ന്ന ശരീരതാപം, ശക്തിയായ തലവേദന, തലകറക്കം ഇതെല്ലാം ഇത് കാരണം ഉണ്ടായേക്കാം. വേനല്‍ക്കാലമായാല്‍ ശരീരത്തിന് തളര്‍ച്ച കൂടുതലാണ്. അതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കുക. കട്ടി കുറഞ്ഞ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. കുളിക്കുന്നതും മുഖം കഴുകുന്നതുമെല്ലാം തണുത്ത വെള്ളം കൊണ്ട് ചെയ്യുക. ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും മൂന്ന് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

കൂടുതലായി വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക. വെയിലത്ത് ജോലി ചെയ്യുന്നവര്‍ കഴിവതും 11 തൊട്ട് 3 മണി വരെ ഉള്ള സമയത്ത് ഇടയ്ക്ക് തണലിലേക്ക് കയറി നിന്ന് വിശ്രമിക്കണം. ഇല്ലെങ്കില്‍ സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്. ഉച്ച സമയങ്ങളില്‍ പുറത്തേക്ക് പോകാതിരിക്കുക. പോവുകയാണെങ്കില്‍ നിര്‍ബന്ധമായും കുട ഉപയോഗിക്കുക. സൂര്യഘാതമേറ്റവര്‍ പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ അത് പൊട്ടിക്കാതെ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. ഭക്ഷണത്തില്‍ ഫ്രൂട്‌സും ഇലക്കറികളും അധികരിപ്പിക്കുക. ചിക്കന്‍,മട്ടന്‍, ബീഫ് മുതലായവ ഒഴിവാക്കുക. കൂടാതെ എണ്ണപ്പലഹാരങ്ങള്‍, ബിരിയാണി, നെയ്‌ച്ചോറ് തുടങ്ങിയവും ശരീരത്തിന് ഈ സമയത്ത് നല്ലതല്ല. കരിക്കിന്‍വെള്ളം, മോര് വെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം തുടങ്ങിയവ ധാരാളം കുടിക്കാന്‍ ശ്രമിക്കുക.

കൂടാതെ കുട്ടികളില്‍ ചൂട്കാലമായാല്‍ വിയര്‍പ്പ് മൂലം ശരീരം ചൊറിഞ്ഞു തിണര്‍ക്കാറുണ്ട്. ഇതിനെ ഹീറ്റ് റാഷ് എന്നാണ് പറയുന്നത്. സ്ത്രീകളില്‍ കക്ഷത്തിലും മാറിടത്തിലും തുടയിലുമെല്ലാം ഇത് കാണപ്പെടുന്നു. ഹീറ്റ് റാഷ് വന്ന സ്ഥലങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. രണ്ട് നേരം കുളിച്ചതിന് ശേഷം ഈ ഭാഗങ്ങള്‍ തുണി കൊണ്ട് ഒപ്പിയെടുക്കുക. പുറത്ത് വെയിലത്തേക്ക് ഇറങ്ങാതിരിക്കുക. ചൊറിഞ്ഞ് പൊട്ടി തുടങ്ങിയാല്‍ ശരീരത്തിന് അസ്വസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ നിര്‍ബന്ധമായും കാണിക്കുക. സ്വയം ചികിത്സിച്ച് മരുന്നുകള്‍ ആ ഭാഗങ്ങളില്‍ പുരട്ടാതിരിക്കുക മുതലായവയാണ് ചൂട് കാലത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍.

 

 

 

 

Share this Article

Leave a Comment