കേരളീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കല്‍പവൃക്ഷമായ തെങ്ങ്. തേങ്ങയില്ലാത്ത ഒരു പരിപാടിയും മലയാളിക്കില്ല. നാണ്യവിളയായും ആചാരാനുഷ്ഠാനങ്ങളിലെ പ്രധാന ഘടകമായും ആഹാരവസ്തുവായും നാം തെങ്ങിനെയും തേങ്ങയേയുമെല്ലാം ഉപയോഗിക്കുന്നു. തെങ്ങോലയും തേങ്ങയും ചകിരിയും തൊണ്ടും തേങ്ങയുടെ വെള്ളവുമെല്ലാം ഉപയോഗപ്രദമാണ്. എന്നാല്‍ ഇതിനേക്കാള്‍ വിലയുള്ള ഒന്ന് തെങ്ങിലുണ്ട്. ‘പാം കാംബേജ്’ എന്ന വിശിഷ്ട വിഭവമാണിത്. തെങ്ങിന്റെ ഏറ്റവും ഇളയതും മൃദുലവുമായ മണ്ടയാണ് പാം കാബേജ്. ഒരര്‍ഥത്തില്‍ തെങ്ങിന്റെ ഹൃദയം തന്നെ. കാരണം തെങ്ങ് എന്ന അത്ഭുത വൃക്ഷത്തിന്റെ വളര്‍ച്ചയുടെ കാമ്പും കാതലുമാണിത്.
വീടു വെക്കാന്‍ വേണ്ടി പറമ്പുകളില്‍ തെങ്ങ് വെട്ടിയിടുമ്പോള്‍ മാത്രമാണ് ഈ പാം കാബേജ് ലഭിക്കാറുള്ളത്. അല്ലാത്ത പക്ഷം ഇത് കഴിക്കാന്‍ വേണ്ടി മാത്രം ആരും തെങ്ങിനെ വെട്ടിമാറ്റാറില്ല. കഴിക്കുമ്പോള്‍ കറുമുറെ എന്ന ശബ്ദത്തോടെ വളരെ മൃദുലമായിട്ടുള്ള ഒന്നാണിത്. ഇത് അരിഞ്ഞ് തോരന്‍ വെക്കുന്ന സ്ഥലങ്ങളുമുണ്ട്. തൂവെള്ള കളറിലാണ് പാംകാബേജ് ഉണ്ടാവുക. കേര വൃക്ഷത്തിന്റെ ഏക അഗ്രമുകുളമാണ് പാം കാബേജ്. മാത്രവുമല്ല, തെങ്ങിന്റെ ഒരേയൊരു വളര്‍ച്ചാബിന്ദുവും ഇതു തന്നെ. പാം കാബേജിന് ലക്ഷാധിപതിയുടെ സലാഡ് എന്ന ഓമനപ്പോരു കിട്ടിയതും അത് കൊണ്ട് തന്നെയാണ്. തെങ്ങ് വെട്ടിവീഴ്ത്താതെ ആര്‍ക്കും തെങ്ങിന്‍ മണ്ട മുറിച്ചെടുക്കാന്‍ സാധിക്കില്ല.
അത്യപൂര്‍വമായി മാത്രം ലഭിക്കുന്ന വിശിഷ്ട വിഭവമാണ് പാം കാബേജ്. തെങ്ങിന്റെ മണ്ടയില്‍ ഒത്ത നടുക്കായി ആകര്‍ഷകമായ നിറത്തില്‍ വളര്‍ച്ചാ മുകുളങ്ങളുടെ ഒരു കൂട്ടം തന്നെ കാണാം. ഇവിടെ നിന്നാണ് തെങ്ങിന്റെ പുത്തന്‍ നാമ്പോലകള്‍ ജനിക്കുന്നത്. ജീവന്‍ ത്രസിക്കുന്ന ഈ വളര്‍ച്ചാ മുകുളശേഖരമാണ് പാം കാബേജ്. ഇത് നീക്കി കഴിഞ്ഞാല്‍ സ്വാഭാവികമായും തെങ്ങിന് പിന്നെ വളര്‍ച്ചയില്ല. 28-30 ദിവസം കഴിയുമ്പോള്‍ ഇവിടെ നിന്ന് ഒരു മുകുളം പൊട്ടി ഓല വിരിയും. പാം കാബേജ് എടുക്കുക എന്നു പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ തെങ്ങിനെ കൊല്ലുക എന്നാണര്‍ഥം. തെങ്ങിന്റെ ചോറ് എന്നും ഇതിനെ നാട്ടുഭാഷയില്‍ പറയാറുണ്ട്.
പാം കാബേജ് പോഷകസമൃദ്ധമാണ്. ധാരാളം നാരും കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, ജീവകങ്ങളായ ബി2, ബി6, സി എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. നാര് സമൃദ്ധമായി അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ദഹനം ഉള്‍പ്പെടെ ഉദരസംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും ആയാസരഹിതമാക്കാന്‍ ഇത് ഉത്തമമാണ്. ഊര്‍ജം (കലോറി) കുറവായതിനാല്‍ സന്തുലിതമായ ഭക്ഷ്യപദാര്‍ഥവുമാണിത്. കൊളസ്‌ട്രോള്‍ കുറവ്, സിങ്കിന്റെ അളവ് കൂടുതലായതിനാല്‍ മുറിവുകള്‍ ഉണക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഒരു കപ്പ് പാം കാബേജില്‍ 3.94 ഗ്രാം മാംസ്യം, 0.29 ഗ്രാം കൊഴുപ്പ്, 37.39 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 2.2 ഗ്രാം നാര്, 25.05 ഗ്രാം പ്രകൃതിദത്ത പഞ്ചസാര എന്നിവയുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു.