കേരളത്തിലുടനീളം നൈസര്‍ഗ്ഗികമായി കാണപ്പെടുന്ന ഒരിനം ഔഷധിയാണ് ആനക്കൊടിത്തൂവ അഥവ കടിത്തുമ്പ. ഓരോ നാട്ടിലും പല പേരിലാണ് ഇത് അറിയപ്പെടുന്നത്. ആനത്തൂവ, കുപ്പത്തൂവ, ചൊറിയണം, തുടങ്ങി നിരവധി പേരുകളാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഭക്ഷ്യയോഗ്യമായ ഇലകളുള്ള സസ്യ ഇനമാണിത്. തൊട്ടാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് കൊണ്ടാണ് ഇതിനെ ചൊറിയണം എന്ന് വിളിക്കുന്നത്. അത് കൊണ്ട് തന്നെ ആരും ശ്രദ്ധിക്കാതെ ഒഴിവാക്കി കളയുന്ന ഒരിനം കൂടിയാണിത്. ചൊറിച്ചിലുണ്ടാക്കുന്ന ഇതിന്റെ ഇലകള്‍ ഒന്നോ രണ്ടോ പ്രാവശ്യം വെള്ളത്തില്‍ മുക്കിയെടുത്തശേഷം തോരനോ കറിയോ ഉണ്ടാക്കാറുണ്ട്.

കര്‍ക്കിടക മാസത്തില്‍ ഉണ്ടാക്കുന്ന പത്തില തോരനില്‍ ആനത്തൂവയുടെ ഇല ചേര്‍ക്കാറുണ്ട്. വൃത്തിയുള്ള മുകളിലുള്ള ഇലകള്‍ നോക്കി വേണം പറിക്കാന്‍. കറി വെച്ചാലും തോരന്‍ വെച്ചാലും വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണിത്. വെള്ളത്തില്‍ കഴുകിയതിനു ശേഷം തേങ്ങയും പച്ചമുളകും ഒതുക്കി വെളിച്ചെണ്ണയില്‍ തോരന്‍ വെച്ചാല്‍ രുചിയേറിയ ആനത്തൂവ തോരന്‍ റെഡി. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയാത്തത് കൊണ്ട് തന്നെ നമ്മുടെ പറമ്പിലും മറ്റും കാണുമ്പോള്‍ അതിനെ പിഴുത് കളയാറാണ് പതിവ്.

യൂറോപ്പ്, വടക്കേ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഈ ചെടി ഗ്രീക്ക്, റോമന്‍ കാലഘട്ടങ്ങളില്‍ മെഡിറ്ററേനിയന്‍ തടത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് ഉണങ്ങിയ ഇലയായോ ഉണക്കിയതോ ഗുളികകളിലേക്കും ജ്യൂസുകളിലേക്കും ചായകളിലേക്കും വേര്‍തിരിച്ചെടുക്കാം. ചൂട് വെള്ളത്തില്‍ ഇട്ടാല്‍ ഇലയുടെ ചൊറിച്ചില്‍ മാറിക്കിട്ടും. ദേഹത്ത് തട്ടിയാലോ ഉരസിയാലോ കുറച്ച് നേരത്തേക്ക് ചൊറിച്ചില്‍ അനുഭവപ്പെടും. ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ആനത്തൂവ ഇല. വിറ്റാമിന്‍ സി രോഗപ്രതിരോധ സംവിധാനത്തിന് ശക്തമായ ഒരു സഹായമാണ്. മാത്രമല്ല വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഒന്നാണ്. ആനക്കൊടിത്തൂവയുടെ ഇലയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമാണെന്ന് പല ശാസ്ത്രജ്ഞരും തെളിയിച്ചിട്ടുണ്ട്.

സന്ധി വേദനയും വീക്കവും കുറയ്ക്കാന്‍ ചൊറിയണം ഇല ഗുണപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൊറിയണം ഇലയില്‍ യുഡി 1 എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് ശരീരത്തില്‍ ഇന്‍സുലിന്‍ പോലെ പ്രവര്‍ത്തിക്കുന്നു. പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. കാലാനുസൃതമായ അലര്‍ജികളെയും മറ്റ് ലഘുവായ ശ്വാസകോശ അവസ്ഥകളെയും പ്രതിരോധിക്കുന്നതിന് ചൊറിയണം നാടോടി വൈദ്യത്തില്‍ വളരെക്കാലമായി പ്രിയങ്കരമാണ്. അത് കൂടാതെ, സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ് കൊടിത്തൂവ. ആര്‍ത്ത വേദനകള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളി തടി കുറയ്ക്കാനും ഇതിന് കഴിയുന്നു. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്. ശരീരത്തിലെ നീര്‍ക്കെട്ടു തടയാനും ആനത്തൂവ നല്ലൊരു ഔഷധമാണ്.