കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്നതാണ് ഓണസ്സദ്യയെക്കുറിച്ചുള്ള പഴമൊഴി. വിഭവ സമൃദ്ധമായ സദ്യ മലയാളിക്ക് എന്നും നിര്‍ബന്ധങ്ങളില്‍ ഒന്നാണ്. സദ്യയിലെ തോരനും കൂട്ടുക്കറികളുമെല്ലാം പ്രദേശമനുസരിച്ച് രുചിക്കൂട്ടും മാറും. പേരുകളെല്ലാം ഒന്നാണെങ്കിലും വിഭവങ്ങളിലെ ചേരുവകളില്‍ മാറ്റമുണ്ടാകാറുണ്ട്. സദ്യയിലെ എളുപ്പമുള്ള എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവം തന്നെയാണ് എരിശ്ശേരി. അതു പോലെ സദ്യയിലെ തോരന്‍ പലവിധമാണ്. തോരനും എരിശ്ശേരിയും എളുപ്പത്തില്‍ വെയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം…
എരിശ്ശേരി ചേരുവകള്‍
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
വെളുത്തുള്ളി -4 അല്ലി
ചുവന്നുള്ളി -2
വറ്റല്‍മുളക്- 2
ജീരകം -അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത്
ഉപ്പ് -ആവശ്യത്തിന്
കടുക് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
ആദ്യം വന്‍പയര്‍ വേവിക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക. ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.
തോരന്‍
പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി എന്തും തോരന് മുഖ്യ ചേരുവയാകാം.
പയര്‍ തോരന്‍ പച്ച പയര്‍ ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടു മൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇട്ട് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും പച്ചമുളകും ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.