സദ്യയില്‍ ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കറിയാണ് രസം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ലളിതമായ ചേരുവകള്‍ ചേര്‍ത്തുള്ള ഒന്നാണിത്. രസം ചോറില്‍ ഒഴിച്ച് കഴിക്കുന്നവരും വെറുതേ കുടിക്കുന്നവരുമുണ്ട്. രസം കുടിച്ചു കഴിഞ്ഞാല്‍ വയറിനുള്ള ദഹന ബുദ്ധിമുട്ടുകള്‍ക്കെല്ലാം സുഖം ലഭിക്കും. എന്നാല്‍ ചിലരൊക്കെ രസം വെച്ചാല്‍ രുചി കുറവാണെന്ന് പറയുന്നത് കേള്‍ക്കാം. എന്തെല്ലാമാണ് രസം വെക്കുന്നതിനുള്ള യഥാര്‍ത്ഥ കൂട്ടുകള്‍ എന്തെല്ലാമെന്ന് നോക്കാം..
ഒരു ചെറുനെല്ലിക്കാ വലുപ്പത്തില്‍ പുളി വെള്ളത്തിലിട്ട് 15 മിനിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം പുളി പിഴിഞ്ഞ് വെള്ളം മാറ്റി വയ്ക്കുക. ചെറിയ മണ് ചട്ടി ചൂടാകുമ്പോള്‍ രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം 2 ഉള്ളി, വെളുത്തുള്ളി, കുരുമുളക് ഇവ നന്നായി ചതച്ചെടുക്കുക. ശേഷം ചതച്ചുവച്ചിരിക്കുന്ന കൂട്ട് ഇതിലേക്കിട്ട് പച്ചമണം മാറുന്നതു വരെ വഴറ്റുക.
ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇതിലേക്കിട്ട് വഴറ്റുക. തക്കാളി നന്നായി വഴറ്റിക്കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മുളകു പൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം ചേര്‍ക്കാം. ഇനി ആവശ്യത്തിന് ഉപ്പും കാല് ടീസ്പൂണ്‍ കായപ്പൊടിയും ചേര്‍ത്ത് വഴറ്റണം. അതിലേക്ക് അര ലിറ്റര്‍ വെള്ളവും ചേര്‍ത്ത് മൂടിവയ്ക്കാം. തിള വന്നു കഴിഞ്ഞാല്‍ വാങ്ങി വെക്കുക. സ്വാദിഷ്ടമായ രസം തയ്യാര്‍.